മണിപ്പുരിനെ ഓര്‍ത്ത് വിതുമ്പി ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേത്രി
Thursday, September 28, 2023 11:23 AM IST
ഹാങ്ഷൗ: വുഷുവിലെ മെഡല്‍ നേട്ടം മണിപ്പുരിനായി സമര്‍പ്പിച്ച് നൗറം റോഷിബിന ദേവി. ഏഷ്യൻ ഗെയിംസ് വനിതാവിഭാഗം വുഷു 60 കിലോ വിഭാഗത്തിലാണ് റോഷിബിന ദേവിയുടെ വെള്ളിമെഡല്‍ നേട്ടം. ഫൈനലില്‍ ആതിഥേയ താരം വു സിയാവീയോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് റോഷിബിന കീഴടങ്ങിയത്.
""മണിപ്പുര്‍ കത്തുകയാണ്, പോരാട്ടം തുടരുന്നു. എനിക്ക് എന്റെ ഗ്രാമത്തിലേക്ക് പോകാനാവില്ല. ഞങ്ങളെ സംരക്ഷിക്കുന്നവര്‍ക്കും മണിപ്പൂരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി ഞാന്‍ ഈ മെഡല്‍ സമര്‍പ്പിക്കുന്നു'' റോഷിബിന പറഞ്ഞു.
മണിപ്പുരിലെ ബിഷ്ണുപ്പുര്‍ ജില്ലയില്‍ നിന്നുള്ള താരമാണ് റോഷിബിന. ഇവിടുത്തെ ക്വാസിഫായ് മായൈ ലെയ്കി ഗ്രാമത്തില്‍ നിന്നുമാണ് താരം വരുന്നത്.
ഇംഫാലില്‍ നിന്നും ബിഷ്ണുപ്പുരില് എത്താന്‍ ഒരു മണിക്കൂര്‍ വേണം. ഗെയിംസ് വില്ലേജില്‍ നിന്നും എല്ലാ ദിവസവും റോഷിബിന മാതാപിതാക്കളെ വിളിക്കുമായിരുന്നു.
തന്റെ മാതാപിതാക്കളെക്കുറിച്ചോര്ത്തുള്ള ആശങ്കകള്‍ക്കിടയിലാണ് റോഷിബിന ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചത്. കഴിഞ്ഞ നാലുമാസമായി കലാപകലുഷിതമായ മണിപ്പുരില്‍ ആശങ്കയോടെയാണ് തങ്ങള്‍ കഴിയുന്നതെന്ന് റോഷിബിന പറയുന്നു.
കര്‍ഷകനായ പിതാവ് പ്രതിഷേധങ്ങളിലും പങ്കെടുത്തിരുന്നു. പിതാവ് പുറത്തുപോകുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം ഗ്രാമത്തിന് മാതാവ് കാവലിരിക്കും.
തന്റെ വീട് പോലീസ് സ്റ്റേഷന് തൊട്ടടുത്താണെങ്കിലും പോലീസുകാരും ഭീഷണിയുടെ നിഴലിലാണെന്ന് താരം പറയുന്നു. തന്റെ വിജയം സുഹൃത്തുക്കളും സഹതാരങ്ങളുമായ ഒനിലു, ന്യെമാന്, വാംഗ്സൂ, മെപ്പംഗ് ലാംഗു എന്നിവര്‍ക്കും കൂടിയാണ് താരം സമര്‍പ്പിച്ചിരിക്കുന്നത്.
ന്യൂമാന്‍ വാംഗ്സൂവും ഒനിലുവും ലാംഗുവും അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവരായതിനാല്‍ മത്സരത്തിൽ പങ്കെടുക്കാൻ ഇവര്‍ക്ക് ചൈന വിസ അനുവദിച്ചില്ല. തന്റെ വിജയം കാണാന്‍ ഒനിലു ഇവിടെ ഉണ്ടാകണമായിരുന്നു എന്നും റോഷിബിന പറഞ്ഞു.