ട്രാക്കില്‍ ട്രാക്ടര്‍; രാജധാനി എക്സ്പ്രസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Wednesday, June 7, 2023 2:40 PM IST
റാഞ്ചി: ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ ഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം.
ഭോജുദിഹ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള സന്താല്‍ഡിഹ് റെയില്‍വേ ക്രോസിനു സമീപമാണ് അപകടം. നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ ഗേറ്റ് ഇടിച്ചുതെറിപ്പിച്ച് ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. ട്രാക്ടര്‍ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ഈ സമയമാണ് രാജധാനി എക്സ്പ്രസ് എത്തിയത്. എന്നാല്‍ ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി. ലോക്കോ പൈലറ്റ് ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. മുക്കാല്‍ മണിക്കൂറിന് ശേഷമാണ് ട്രെയിനിന് യാത്ര തുടരാനായത്.
സംഭവത്തില്‍ ട്രാക്റ്റര്‍ പിന്നീട് പോലീസ് പിടിച്ചെടുത്തു. ഗേറ്റ് കീപ്പറെ സസ്പെന്‍ഡ് ചെയ്തതായി റയില്‍വേ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനിൽ വൻ ട്രെയിനപകടം ഉണ്ടായത്. ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും ഷാലിമാര്‍-ചെന്നൈ സെന്‍ട്രലും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 288 പേര് മരിക്കുകയും 1,100 ൽ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.