അപകടകാരണം അന്വേഷണം കഴിഞ്ഞു പറയാം: റെയില്‍വേ മന്ത്രി
Saturday, June 3, 2023 12:23 PM IST
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയില്‍ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമായി പറയാന്‍ കഴിയൂവെന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തും. റെയില്‍വേ, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ബന്ധുക്കൾക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.
റെയില്‍വേ ട്രാക്കിലെ പിഴവുകളാകാം ട്രെയിൻ പാളം തെറ്റുന്നതിനും വലിയ അപകടമുണ്ടാകുന്നതിനും കാരണമായതെന്നു ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ട്രെയിനിനോ പാളത്തിനോ സാങ്കേതിക പിഴവുകള്‍ ഉണ്ടായിരുന്നിരിക്കാന്‍ ഇടയുണ്ടെന്ന് റെയില്‍വേ ഡിവിഷണല്‍ ഓഫീസിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഔദ്യോഗികവൃത്തങ്ങള്‍ തയാറായിട്ടില്ല.