ഏഴ് വര്‍ഷത്തിനിടെ കേരളത്തിന് നഷ്ടമായത് 1,07,513 കോടി: മുഖ്യമന്ത്രി
Sunday, December 10, 2023 11:06 PM IST
കോതമംഗലം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക ഇടപെടലിലൂടെ കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തിന് നഷ്ടമായത് 1,07,513 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോതമംഗലം മാര്‍ ബേസില്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന നവകേരള സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണ ഘടനയെ തെറ്റായി വ്യാഖ്യാനിക്കുകയാണ് കേന്ദ്രം. അര്‍ഹമായ വിവിധ വിഹിതങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുന്നതിലൂടെ സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തില്‍ ആയിരിക്കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിഖ, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ്, വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട തുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കേണ്ട തുക, ജനകീയ ഹോട്ടലുകള്‍ക്ക് നല്‍കേണ്ട തുക, കരാറുകാര്‍ക്ക് നല്‍കാനുള്ളത് ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ക്കായി 26,223 കോടി രൂപ വിതരണം ചെയ്യാനുണ്ട്.
കേന്ദ്രത്തിന്റെ തെറ്റായ ഇടപെടല്‍ മൂലം സംസ്ഥാന ബജറ്റ് അനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ല. സംസ്ഥാനത്തിന്റെ സ്വയം ഭരണ അധികാരത്തില്‍ കൈകടത്തുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.