പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12ന് പാറ്റ്നയിൽ
Monday, May 29, 2023 1:43 AM IST
ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് പ്രതിപക്ഷ കക്ഷികൾ ഒത്തുചേരുന്നു. ജൂൺ 12ന് പാറ്റ്നയിലാണു യോഗം വിളിച്ചുചേർത്തിരിക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെ സമാനമനസ്കരായ 18 പാർട്ടികളിലെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
ഇതൊരു മുന്നൊരുക്ക യോഗമാണെന്നും പ്രതിപക്ഷപാർട്ടികളുടെ പ്രധാന യോഗം പിന്നാലെ നടക്കുമെന്നുമാണ് പ്രതിപക്ഷ കേന്ദ്രങ്ങൾ പറഞ്ഞത്. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ മുൻകൈയെടുത്താണു യോഗം വിളിച്ചിരിക്കുന്നത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുൾപ്പെടെ എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളെയും നിതീഷ്കുമാർ നേരിൽക്കണ്ടു ചർച്ച നടത്തിയിരുന്നു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സംയുക്തമായി ബഹിഷ്കരിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷം ഒരു കുടക്കീഴിൽ അണിചേരുന്നത്.