"പാർട്ടിയും കുടുംബവും ഒപ്പമുണ്ട്'; ചികിത്സാനിഷേധ വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി
Sunday, February 5, 2023 9:34 PM IST
തിരുവനന്തപുരം: തനിക്ക് ശരിയായ ആരോഗ്യപരിപാലനം ലഭിക്കുന്നില്ലെന്ന വാർത്തകൾ നിഷേധിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കുടുംബവും കോൺഗ്രസ് പാർട്ടിയും ഒപ്പമുണ്ടെന്നും തനിക്ക് ലഭിക്കുന്ന മികച്ച ചികിത്സയിൽ പൂർണ സംതൃപ്തനാണെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയ്ക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന ആരോപണമുയർത്തി ചിലർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് മകൻ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പേജ് വഴി ഉമ്മൻ ചാണ്ടി കാര്യങ്ങൾ വ്യക്തമാക്കിയത്.
നേരത്തെ, ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കു വേണ്ട നിർദേശങ്ങൾ ലഭിക്കുന്നതിനു വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ അലക്സ് വി. ചാണ്ടിയുടെ നേതൃത്വത്തിലുള്ള കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.