യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസ്: ഒമര്‍ ലുലുവിന് ഇടക്കാല ജാമ്യം
Thursday, May 30, 2024 12:15 PM IST
കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര സംവിധായകന് ഒമര്‍ ലുലുവിന് ഇടക്കാല ജാമ്യം. ഒമറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റീസ് എ.നസറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കണം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂണ്‍ ആറിന് വിശദമായ വാദം കേള്‍ക്കും.
കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവനടിയാണ് ഒമര്‍ ലുലുവിനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും ഒമര്‍ വിവിധ സ്ഥലങ്ങളില്‍വെച്ച് പീഡനത്തിനിരയാക്കി എന്നാണ് പരാതി. കേസില്‍ നെടുമ്പാശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അതേസമയം, നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ വ്യക്തമാക്കുന്നു. നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഈ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട് വ്യക്തിവിരോധം ഉണ്ടായി. ഇതാകാം പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നു. പരാതിക്കാരിക്ക് പിന്നില്‍ ബ്ലാക്മെയിലിംഗ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും സംവിധായകന് പറയുന്നു.