ലാഭത്തിന്റെ ട്രാക്കിൽ കൊച്ചി മെട്രോ
Friday, September 22, 2023 11:30 PM IST
കൊച്ചി: കൊച്ചി മെട്രോയുടെ ഓട്ടം നഷ്ടത്തിലാണെന്ന പരിഭവം തത്കാലമെങ്കിലും മറക്കാം. ഇതാദ്യമായി മെട്രോ പ്രവർത്തനലാഭത്തിന്റെ ട്രാക്കിലേക്കു കടന്നു. 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ 5.35 കോടി രൂപ പ്രവർത്തന ലാഭം നേടി.
പ്രവർത്തന വരുമാനത്തിൽ 145 ശതമാനം വളർച്ച രേഖപ്പെടുത്തി. 2017 ൽ തുടങ്ങിയ കൊച്ചി മെട്രോ തുടർച്ചയായ നഷ്ടക്കണക്കുകൾക്കുശേഷം ഇതാദ്യമായാണ് ലാഭത്തിന്റെ ഗ്രാഫ് തുറന്നത്.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയും ചെലവുചുരുക്കലുമാണ് പ്രവർത്തനലാഭത്തിലേക്കു മെട്രോയെ നയിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ 12.90 കോടി രൂപയായിരുന്ന ടിക്കറ്റ് നിരക്കിലൂടെ (ഫെയർ ബോക്സ്) ലഭിച്ച വരുമാനം.
2022-23 ൽ ഇത് 75.49 കോടി രൂപയിലേക്കുയർന്നു. 485 ശതമാനം വർധനയാണുണ്ടായത്. യാത്രക്കാരുടെ എണ്ണത്തിലെ വർധന ഫെയർ ബോക്സ് വരുമാനം ഉയരുന്നതിനും സഹായകരമായി.
പരസ്യബോർഡുകൾ, കിയോസ്കുകൾ തുടങ്ങിയവയിലെ (നോൺ ഫെയർ ബോക്സ്) വരുമാനത്തിനും മികച്ച വളർച്ചയാണുണ്ടായത്. 2020-21 ൽ 41.42 കോടി രൂപയായിരുന്ന നോൺ ഫെയർ ബോക്സ് വരുമാനം 2022-23 ൽ 58.55 കോടി രൂപയായി ഉയർന്നു.
ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് വരുമാനങ്ങൾ കൂട്ടുമ്പോൾ 2020-21 വർഷത്തിലെ ഓപ്പറേഷണൽ റവന്യു 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നു.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവും വരവും കണക്കിലെടുത്താണു പ്രവര്‍ത്തനലാഭം കണക്കാക്കുന്നത്.