കനത്ത മഴ: മലമ്പുഴ അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ സാധ്യത
Thursday, August 1, 2024 5:02 PM IST
പാലക്കാട്: കനത്ത മഴയെ തുടർന്നു മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് 112.33 മീറ്ററിനോട് അടുത്തിരിക്കുകയാണിപ്പോള്‍. നീരോഴുക്ക് ഇതേ നില തുടരുകയാണെങ്കിൽ രണ്ടു മൂന്നു ദിവസങ്ങൾക്കകം റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് എത്താൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഈ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ വരും ദിവസങ്ങളിൽ തുറക്കേണ്ടി വരുന്നതാണ്. അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നാൽ വെള്ളം കൽപ്പാത്തിപ്പുഴ വഴി ഭാരതപ്പുഴയിൽ എത്തിച്ചേരുന്നതാണ്. ഈ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.