ബംഗളൂരു ലവ് ജിഹാദ് കേസ് വ്യാജം; യുവതിയുടെ പകവീട്ടലെന്ന് പോലീസ്
Tuesday, September 26, 2023 5:35 PM IST
ബംഗളൂരു: പ്രണയത്തിലായ ശേഷം ഇസ്ലാമിലേക്ക് നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ചുവെന്ന ടെക്കി യുവതിയുടെ ആരോപണം വ്യാജമെന്ന് പോലീസ്.
വിവാഹത്തിൽ നിന്ന് കാമുകൻ പിന്മാറിയപ്പോൾ ലവ് ജിഹാദ് കേസിൽ ഇയാളെ കുടുക്കാൻ യുവതി ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ ബലാത്സംഗം, വഞ്ചന ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇയാള്‍ക്കെതിരേ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ ജോലി ചെയ്യുന്ന യുവതി അവിടെവച്ച് പരിചയപ്പെട്ട കാഷ്മീരി യുവാവുമായി പ്രണയത്തിലാവുകയായിരുന്നു.
യുവതിയേക്കാൾ അഞ്ചു വയസിന് ഇളയതായിരുന്നു യുവാവ്. വിവാഹം കഴിക്കുമെന്ന ഉറപ്പില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തെന്ന് യുവതി പറഞ്ഞു.
മതം മാറാതെ തന്നെ വിവാഹം കഴിക്കാമെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നതെന്നാണ് യുവതി പരാതിയില്‍ അറിയിച്ചത്. എന്നാല്‍ പലവട്ടം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം യുവാവ് മതംമാറണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു.
ഇതിനു സമ്മതിക്കാതിരുന്നപ്പോള്‍ അയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു. ഇതേത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. തന്നെ ലവ് ജിഹാദില്‍ കുടുക്കാനായിരുന്നു യുവാവ് ശ്രമിച്ചെന്ന് യുവതി പരാതിയില്‍ ആരോപിച്ചിരുന്നു.
യുവാവ് വിവാഹത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യം തീർക്കാനാണ് യുവതി ലവ് ജിഹാദ് ആരോപണം ഉന്നയിച്ചതെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ ഇരുവരും തമ്മിൽ ശാരീരികബന്ധം പുലർത്തിയെന്ന് വ്യക്തമായതോടെ ബലാത്സംഗം, വഞ്ചനാ കേസുകള്‍ നിലനില്‍ക്കുമെന്നും പോലീസ് വ്യക്തമാക്കി.