12 വര്‍ഷത്തിനിടെ അഞ്ച് വിവാഹം; വരന്റെ ആഭരണങ്ങള്‍ കവര്‍ന്ന യുവതി അറസ്റ്റില്‍
Monday, December 5, 2022 10:01 PM IST
ചെന്നൈ: വിവാഹത്തിന്‍റെ മറവില്‍ പല പുരുഷന്‍മാരുടെ പണവും സ്വര്‍ണവും അപഹരിച്ച സ്ത്രീ തമിഴ്നാട്ടില്‍ അറസ്റ്റില്‍. തമിഴ്നാട് മധുര സ്വദേശി അഭിനയ (32)യാണ് പോലീസ് പിടിയിലായത്. മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ വിവാഹം കഴിച്ച താംബരത്തെ രംഗനാഥപുരം സ്വദേശി നടരാജനെ (25) കബളിപ്പിച്ച് 17 പവന്‍ ആഭരണങ്ങളും 20,000 രൂപ വിലവരുന്ന പട്ടുസാരിയും അപഹരിച്ച കേസിലാണ് പിടിയിലായത്.
ഇതിനു മുന്‍പും ഇതേ രീതിയില്‍ അഭിനയ നാലുപേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എട്ട് വയസുള്ള ഒരു കുട്ടിയുടെ അമ്മയാണ് യുവതി. ഇത് മറച്ചുവച്ചാണ് അഭിനയ നടരാജനുമായി ബന്ധം സ്ഥാപിച്ചത്. ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ നടരാജന്‍ മുടിച്ചൂര്‍ ബേക്കറിയില്‍ ജോലി ചെയ്തിരുന്ന അഭിനയയെ ഏതാനും മാസം മുന്‍പാണ് പരിചയപ്പെടുന്നത്.
താന്‍ അനാഥയാണെന്ന് അഭിനയ നടരാജനെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഓഗസ്റ്റ് 29ന് നടരാജന്‍റെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തി. പിന്നീട് വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി നടരാജന്‍ തിരിച്ചറിയുന്നത്.
തുടര്‍ന്ന് താംബരം പോലീസില്‍ പരാതി നല്‍കി. ഓള്‍ഡ് മഹാബരിപുരത്തെ ഹോസ്റ്റലിലാണ് അഭിനയ താമസിക്കുന്നതെന്ന് മനസിലാക്കിയ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയില്‍ നിന്ന് നാലുപവന്‍ ആഭരണങ്ങള്‍ കണ്ടെടുത്തു.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്നവരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയാണ് പ്രതിയുടെ പ്രധാന വിനോദമെന്ന് പോലീസ് പറഞ്ഞു. യുവതിക്ക് നിരവധി കാമുകന്മാരുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.
അഭിനയയ്ക്കൊപ്പം യുവതിയുടെ രണ്ടാം ഭര്‍ത്താവ് സെന്തില്‍ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ കബളിപ്പിക്കാന്‍ ഇയാള്‍ സഹായിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
2011ല്‍ മന്നാര്‍ഗുഡി സ്വദേശിയായ വിജയ് എന്നയാളെ വിവാഹം കഴിച്ച അഭിനയ ഇയാളുടെ 10പവന്‍ സ്വര്‍ണം മോഷ്ടിച്ചിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് മധുര സ്വദേശി സെന്തില്‍ കുമാറിനെയാണ് ഇവര്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലേതാണ് കുട്ടി.
കായല്‍വേലി എന്ന വ്യാജപേരില്‍ 2020ല്‍ അവര്‍ കേളമ്പാക്കത്തെ ഓട്ടോ ഡ്രൈവര്‍ പനീര്‍ശെല്‍വത്തെ വിവാഹം കഴിക്കുകയും ആറുമാസത്തിനുള്ളില്‍ പിരിയുകയുമുണ്ടായി. ഇവര്‍ നാലാമതായി മറ്റൊരു പുരുഷനെ വിവാഹം കഴിച്ചെങ്കിലും അത് അധികനാള്‍ നീണ്ടുനിന്നില്ല.
പേര് വീണ്ടും അഭിനയ എന്നാക്കി താംബരത്തെ ഒരു ബേക്കറിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നടരാജനെ കണ്ടുമുട്ടിയത്.