തുടങ്ങി..! പ്രവേശനോത്സവ ഒരുക്കത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം
സ്വന്തം ലേഖകൻ
Thursday, June 1, 2023 2:44 PM IST
തിരുവനന്തപുരം: വെള്ളറടയില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വിപിഎംഎച്ച്എസ്എസിന് മുന്നില്‍ കൊടിതോരണം കെട്ടുന്നതിനിടെ സംഘര്‍ഷം. എസ്എഫ്ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തോരണങ്ങള്‍ കെട്ടിയത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാത്രി 12 ഓടെ സംഘടിച്ചെത്തി കോണ്‍ഗ്രസിന്‍റെ ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിന് മുന്നില്‍ പാര്‍ക്ക്ചെയ്തിരുന്ന ബൈക്കുകളും പാര്‍ട്ടി ഓഫീസിനുള്ളിലെ ടിവിയും കസേരകളും തകര്‍ത്തു.
സംഭവത്തിൽ എസ്എഫ്ഐ വെള്ളറട ഏരിയ പ്രസിഡന്‍റ് മൻസൂറിന് മർദനമേറ്റു. ഒന്പത് കെഎസ്‌യുകാര്‍ക്കും മൂന്ന് എസ്എഫ്ഐക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.
ആനപ്പാറയിലെ സിപിഎം പാര്‍ട്ടി ഓഫീസിന് പോലീസ് കാവല്‍ ഏര്‍പ്പടുത്തി.വെള്ളറട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.