കെ.ജി.ജോർജ് ഇനി ദീപ്തമായ ഓർമ
Tuesday, September 26, 2023 6:00 PM IST
കൊച്ചി: അന്തരിച്ച പ്രശസ്ത സംവിധായകന് കെ.ജി. ജോര്‍ജിന് സാംസ്കാരിക കേരളം വിട ചൊല്ലി. വൈകിട്ട് 4.30 ഓടെ രവിപുരം പൊതുശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സിബി മലയിൽ അടക്കമുള്ള സിനിമ മേഖലയിലെ പ്രമുഖരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ജോർജിന്റെ ഇഷ്ടപ്രകാരമാണ് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചത്.
രാവിലെ പത്തരയോടെ ചളിക്കവട്ടത്തുള്ള സിഗ്നേച്ചര്‍ ഏജ്ഡ് കെയറിന്റെ മോര്‍ച്ചറിയില്‍നിന്നും മൃതദേഹം പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളിലേക്ക് എത്തിച്ചിരുന്നു. കലാ-സാംസ്കാരിക സിനിമാ രംഗത്തെ നിവരധിപ്പേര് ഇവിടെ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ജോര്‍ജിന്റെ ഭാര്യ സല്‍മയും മകന് അരുണും കുടുംബവും ഗോവയില്‍നിന്നും മകള്‍ താര ദോഹയില്‍ നിന്നും തിങ്കളാഴ്ച എത്തിയിരുന്നു. ഇവരെല്ലാം രാവിലെത്തന്നെ ടൗണ്‍ഹാളില്‍ എത്തിയിരുന്നു.
ഞായറാഴ്ച രാവിലെ 10.15ന് കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു മലയാളം കണ്ട ഇതിഹാസ സംവിധായകന്റെ അന്ത്യം. സംസ്കാര ചടങ്ങുകൾക്ക് ശേഷം എറണാകുളം വൈഎംസിഎ ഹാളില്‍ മാക്ടയും ഫെഫ്കയും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണവും പരിപാടിയും ഉണ്ട്.