കരുണാകരന് സ്മാരകം ഒരുക്കാൻ കഴിയാതെ പോയത് പാർട്ടിയുടെ ദൗർബല്യം: കെ.സുധാകരൻ
Monday, October 2, 2023 11:57 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേരിൽ ഒരു സ്മാരകം ഇതുവരെ ഒരുക്കാൻ കഴിയാതെ പോയത് പാർട്ടിയുടെ ദൗർബല്യമായാണ് കാണാൻ സാധിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
കെപിസിസി ആസ്ഥാനത്ത് കെ.കരുണാകരൻ സെന്റർ മന്ദിരം നിർമാണപ്രവർത്തന ഫണ്ട് പിരിവിന്റെ ഉദ്ഘാടനം നിർവഹിക്കവെയാണ് സുധാകരന്റെ പരാമർശം.
ലീഡർ പിരിഞ്ഞിട്ട് അദ്ദേഹത്തിന്റെ ഓർമകൾ പുതുക്കാനുള്ള ഒരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും അതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചില്ല.
എല്ലാവരുടെയും മനസിലുള്ള ഒരു ആഗ്രഹമാണ് കരുണാകരനായി ഒരു സ്മാരകമന്ദിരം വേണമെന്നുള്ളതെന്നും ഇത്രയും നാളുകളായിട്ടും അതിന് കഴിയാതെ പോയത് പാർട്ടിയുടെ ദൗർബല്യമായിട്ടേ കാണാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്മാരകം ഒരുക്കാൻ കഴിയാതെ പോയതിൽ മാധ്യമങ്ങളടക്കം പരിഹസിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും പരാമർശിച്ചു. അതിന് പരിഹാരം കാണണമെങ്കിൽ സ്മാരകം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.