നിയമനക്കോഴ വിവാദം: അഖിൽ സജീവിനെ പ്രതി ചേർത്തേക്കും
Saturday, September 30, 2023 7:26 PM IST
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം മെഡിക്കൽ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ ഇടനിലക്കാരൻ അഖിൽ സജീവിനെ പോലീസ് പ്രതി ചേർത്തേക്കും. പരാതിക്കാരനായ ഹരിദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഖിൽ സജീവിനെ പ്രതിയാക്കാനുള്ള നടപടികൾ കന്റോണ്മെന്റ് പോലീസ് ആരംഭിച്ചു.
മരുമകൾക്ക് ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് അപേക്ഷ നൽകി കാത്തിരുന്നപ്പോഴാണ് നിയമനം ഉറപ്പ് നൽകി പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവ് തന്നെ സമീപിച്ചതെന്നായിരുന്നു ഹരിദാസ് പോലീസിൽ നൽകിയ മൊഴി. കന്റോണ്മെന്റ് പോലീസ് വെള്ളിയാഴ്ച ഹരിദാസിന്റെ മലപ്പുറത്തെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
സ്ഥിര നിയമനത്തിനായി 15 ലക്ഷം രൂപ നൽകിയാൽ നിയമനം ഉറപ്പാണെന്ന് അഖിൽ സജീവ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഹരിദാസിന്റെ മൊഴി. അഖിൽ സജീവിന്റെ നിർദേശാനുസരണം മന്ത്രിയുടെ ഓഫീസിന് പുറത്ത് വച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസ് ആരോപിച്ചത്.
75,000 രൂപ അഖിൽ സജീവിനും നൽകിയിരുന്നു. താൽകാലിക നിയമനത്തിന് അഞ്ച് ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് ഉൾപ്പെടെ 15 ലക്ഷം രൂപയുടെ ഡീൽ ആയിരുന്നു ഉറപ്പിച്ചിരുന്നത്. പണം ഗഡുക്കളായി നൽകാനായിരുന്നു അഖിൽ സജീവ് നിർദേശിച്ചത്.
സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് നിയമനം സ്ഥിരപ്പെടുത്തുമെന്നും അപേക്ഷ കൊടുത്ത് കാത്തിരുന്നാൽ നിയമനം ലഭിക്കില്ലെന്നും അഖിൽ സജീവ് വിശ്വസിപ്പിച്ചതിനാലാണ് പണം നൽകിയതെന്നാണ് ഹരിദാസ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.
അതേസമയം ഹരിദാസ് അഖിൽ മാത്യുവിന് പണം നൽകിയെന്ന് പറയുന്ന ഏപ്രിൽ 10-ലെ സെക്രട്ടേറിയറ്റിനകത്തെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പോലീസ് പൊതുഭരണ വകുപ്പിന് കത്ത് നൽകിയിരുന്നു. പണം കൈപ്പറ്റിയത് അഖിൽ മാത്യുവാണെന്ന് ഹരിദാസ് ആരോപിച്ചിരുന്നു.
എന്നാൽ അഖിൽ മാത്യുവും ആരോഗ്യമന്ത്രിയും ആരോപണം നിഷേധിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് സംഘം ആവശ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പൊതുഭരണ വകുപ്പ് അധികൃതർ ഉടൻ പോലീസിന് കൈമാറി.
ഹരിദാസ് കോഴ ആരോപണം നടന്ന വിവരം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് ഓഗസ്റ്റ് 17ന് പരാതി നൽകിയിരുന്നെങ്കിലും പരാതി പോലീസിന് യഥാസമയം കൈമാറാതെ മന്ത്രിയുടെ ഓഫീസ് കാലതാമസം വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.
കോഴ വാങ്ങിയത് താനല്ലെന്നും തന്റെ പേരിൽ ആൾമാറാട്ടം നടത്തി മറ്റാരോ പണം വാങ്ങിയതാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഖിൽ മാത്യു കന്റോണ്മെന്റ് പോലീസിൽ പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ ആരെയും പ്രതിയാക്കാതെ പോലീസ് കേസെടുത്തിരുന്നു. ഇതിന് ശേഷമാണ് ഹരിദാസ് മന്ത്രിക്ക് നൽകിയ പരാതി പോലീസിന് കൈമാറിയത്. ഹരിദാസിന്റെ പരാതിയിൽ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
നിലവിൽ നടക്കുന്ന അന്വേഷണം അഖിൽ മാത്യുവിന്റെ പരാതിയിലാണ്. പണം നൽകിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിലായിരുന്നുവെന്നാണ് ഇയാൾ പോലീസിനോട് വ്യക്തമാക്കിയത്.