തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമായി തുടരുമെന്ന് സൂചന. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴയുണ്ടായേക്കും. എറണാകുളം മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളിലും ആലപ്പുഴയിലും ഇന്നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ ന്യൂനമര്‍ദ്ദമുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും തുടര്‍ച്ചയായി മഴയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മഴ ശക്തിയായി തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചിരിക്കുകയാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം.