ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
Wednesday, September 18, 2024 4:00 PM IST
തൃശൂർ: ഗുരുവായുർ ക്ഷേത്രം മേൽശാന്തിയായി വെള്ളറക്കാട് ഓങ്ങലൂർ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്ന് മുതൽ അടുത്ത ആറ് മാസത്തേക്കാണ് നിയമനം.
ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നാലമ്പലത്തിലെ നമസ്കാര മണ്ഡപത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തെരഞ്ഞെടുത്തത്. 18 വർഷമായി വേലൂർ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തിയാണ് ശ്രീജിത്ത് നമ്പൂതിരി.
മേൽശാന്തിയാകുന്നതിന് എട്ടാം തവണയാണ് ശ്രീജിത്ത് നമ്പൂതിരി അപേക്ഷ നൽകുന്നത്. ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്. പുതുമന പരമേശ്വരൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജ്ജനത്തിൻ്റെയും മകനാണ്. ഭാര്യ: കൃഷ്ണശ്രീ, മക്കൾ: ആരാധ്യ, ഋഗ്വേദ്.