റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം: സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയായി
Friday, June 2, 2023 11:42 PM IST
തിരുവനന്തപുരം: റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനത്തിനുള്ള സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയായതായും ശനിയാഴ്ച മുതൽ റേഷൻ കടകൾ പതിവുപോലെ പ്രവർത്തിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ.
മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് നെൽക്കതിരും ഇലകളും ചേർന്ന ലോഗോയുടെ ഗരീബ് കല്യാൺ അന്നയോജന എന്ന് രേഖപ്പെടുത്തിയാണ് കേന്ദ്രബിൽ നൽകുന്നത്. കേരളം സബ്സിഡിയോടെ സാധനങ്ങൾ നൽകുന്ന നീല, വെള്ള കാർഡുടമകൾക്ക് മാത്രമാകും കേരളത്തിന്റെ ചിഹ്നം ഉൾപ്പെടുന്ന ബില്ല് ലഭിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാർഡുടമകൾക്ക് നിലവിൽ നൽകിവരുന്ന ബില്ലിൽ മാറ്റം വരുത്തി എൻഎഫ്എസ്എ (മഞ്ഞ, പങ്ക്), നോൺഎൻഎഫ്എസ്എ (നീല, വെള്ള) വിഭാഗങ്ങൾക്ക് പ്രത്യേകമായി ബില്ലുകൾ നൽകണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇപോസ് മെഷീനിലെ സോഫ്റ്റ്വെയർ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് എൻഐസി ഹൈദരാബാദിന് നിർദേശം നൽകി. ജൂൺ ഒന്നോടെ ഈ ജോലികൾ എൻഐസി പൂർത്തിയാക്കിയെന്നും മന്ത്രി അറിയിച്ചു.