ഫാരീസിന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ കള്ളപ്പണനിക്ഷേപം; സിനിമാ രംഗത്തേക്കും അന്വേഷണം
സ്വന്തം ലേഖകൻ
Wednesday, March 22, 2023 11:28 AM IST
കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തിലിനെത്തുടര്‍ന്ന് സിനിമാപ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു.
ഫാരിസുമായി ബിസിനസ് ബന്ധമുള്ള സിനിമാപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. ആദായനികുതി (ഐടി) ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഫാരിസ് അബൂബക്കറിന്‍റെ വീടുകളിലും ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്.
ആദായനികുതി വകുപ്പില്‍നിന്നും ഇഡി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഫാരിസിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇടനിലക്കാര്‍ വഴി കൊച്ചിയിലടക്കം പലയിടത്തും ഭൂമി ഇടപാട് നടത്തിയെന്ന് നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി നീക്കം. ഫാരിസ് രജിസ്റ്റര്‍ ചെയ്ത കമ്പനികളെ സംബന്ധിച്ചും ഇഡി അന്വേഷണം നടത്തും.