17-കാരന്റെ മരണം സുഹൃത്തുക്കൾ നൽകിയ ലഹരിവസ്തു ശ്വസിച്ചത് മൂലമെന്ന് ആരോപണം
Tuesday, March 21, 2023 6:06 PM IST
തിരുവനന്തപുരം: പെരുമാതുറയിൽ ശാരീരിക അസ്വസ്ഥതകൾ മൂലം മരണപ്പെട്ട 17 വയസുകാരന് സുഹൃത്തുക്കൾ ലഹരിവസ്തു ശ്വസിക്കാൻ നൽകി അപായപ്പെടുത്തിയതായി കുടുംബം. തെരുവിൽ വീട്ടിൽ സുൾഫിക്കറിന്റെ മകൻ ഇർഫാന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്.
തിങ്കളാഴ്ച രാത്രി ഇർഫാനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം സുഹൃത്തുക്കൾ മാരകമായ ലഹരിവസ്തു ശ്വസിക്കാൻ നൽകിയെന്നും ഇത് മൂലമാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതെന്നും ആരോപണമുണ്ട്.
കൂട്ടിക്കൊണ്ട് പോയി ഒരു മണിക്കൂറിന് ശേഷം സുഹൃത്തുക്കൾ ഇർഫാനെ വീടിന് സമീപത്ത് ഉപേക്ഷിച്ചിരുന്നു. വീട്ടിലെത്തിയ ഇര്ഫാന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ഛര്‍ദിച്ചതോടെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
താൻ ലഹരി ഉപയോഗിച്ചതായി ഇർഫാൻ ഡോക്ടറോടും വെളിപ്പെടുത്തിയിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആരോഗ്യനില ഗുരുതരമായി. ഉടൻ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.