നായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവു വിൽപ്പന; റോബിൻ മുങ്ങിയത് ഗുണ്ടകളുടെ സഹായത്തോടെ
Wednesday, September 27, 2023 9:50 PM IST
കോട്ടയം: കഞ്ചാവ് ശേഖരം പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് ഓടി രക്ഷപ്പെട്ട പ്രതി റോബിനു പിന്നാലെ പോലീസ്.
ഇന്നലെ പ്രതിയുടെ തൊട്ടടുത്തുവരെ പോലീസെത്തിയെങ്കിലും റോബിൻ കടന്നുകളയുകയായിരുന്നു. കോട്ടയം പാറമ്പുഴ കൊശമറ്റം ഭാഗത്തു റോബിനു വാടകവീടുണ്ടായിരുന്നു.
ഈ വീട്ടില്‍ ഉണ്ടെന്ന സൂചന പോലീസിനു ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പോലീസ് സംഘം റോബിന്റെ അടുത്ത് എത്തിയപ്പോള്‍ റോബിന് ആറ്റില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം കുമാരനല്ലൂരിലെ നായ പരിശീലന കേന്ദ്രത്തിലെത്തിയ റോബിന്റെ കൂട്ടാളികളായ റൊണാള്‍ഡോ, ജോര്‍ജ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് റോബിന് കൊശമറ്റം ഭാഗത്തുള്ളതായി പോലീസിനു വിവരം ലഭിച്ചത്. ജില്ലയിലെയും അന്യജില്ലകളിലെയും ഗുണ്ട-കഞ്ചാവു മാഫിയാ സംഘങ്ങളുമായി റോബിനു അടുത്ത ബന്ധമാണുള്ളതെന്ന നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചു.
ഇവരുടെ സഹായത്തോടെയാണ് റോബിന് മുങ്ങിയിരിക്കുന്നതെന്നും അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ റോബിനെ പിടികൂടുമെന്നും അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന് ദീപികയോടു പറഞ്ഞു.
കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഡെൽറ്റ ഒന്‍പത് എന്ന നായ പരിശീലന കേന്ദ്രത്തിന്റെ മറവിലായിരുന്നു ലഹരി വിൽപ്പന നടത്തിയിരുന്നത്.
കാരിയര്‍മാരായി സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു വലിയ സംഘം ഉണ്ടായിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും ഊർജിതമാണ്.