സമ്പൂർണ വിജയം; ഇന്ത്യ റാങ്കിംഗിൽ ഒന്നാമത്
Tuesday, January 24, 2023 9:26 PM IST
ഇൻഡോർ: ന്യൂസിലൻഡിനെതിരായ ഏകദിന പരന്പര തൂത്തുവാരി ഇന്ത്യ റാങ്കിംഗിൽ പട്ടികയിൽ ഒന്നാമതെത്തി. നായകൻ രോഹിത് ശർമ(101), ശുഭ്മാൻ ഗിൽ(112) എന്നിവരുടെ സെഞ്ചുറികളുടെ കരുത്തിൽ ഇന്ത്യ കെട്ടിപ്പടുത്ത 386 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 295 റൺസിന് പുറത്തായി. 90 റൺസിന്റെ കൂറ്റൻ വിജയത്തോടെ ഇംഗ്ലണ്ടിനെ പിന്നിലാക്കിയാണ് ഇന്ത്യ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയത്.
സ്കോർ:
ഇന്ത്യ 385/9
ന്യൂസിലൻഡ് 295/10(41.2)
കൂറ്റൻ സ്കോർ പിന്തുടർന്ന കിവീസിനായി ഡെവൺ കോൺവേ തകർപ്പൻ സെഞ്ചുറി നേടിയെങ്കിലും വിജയം അകന്ന് നിന്നു. 100 പന്തിൽ 14 ഫോറും എട്ട് സിക്സും പായിച്ച് 138 റൺസ് നേടിയാണ് കോൺവെ പുറത്തായത്. കോൺവെയ്ക്ക് പിന്തുണ നൽകാൻ കിവീസ് ബാറ്റർമാർക്ക് സാധിച്ചില്ല. 42 റൺസ് നേടിയ ഹെന്ട്രി നിക്കോൾസ്, കോൺവെയ്ക്കൊപ്പം രണ്ടാം വിക്കറ്റിൽ ടീമിനായി 105 റൺസ് കൂട്ടിച്ചേർത്തെങ്കിലും മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തി.
34 റൺസ് നേടിയ മിച്ചൽ സാന്റ്നറാണ് കിവീസ് നിരയിലെ മൂന്നാമത്തെ മികച്ച് സ്കോറിനുടമ. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും കോൺവെ പിടിച്ച് നിന്നെങ്കിലും ഒടുവിൽ ഉമ്രാൻ മാലിക്കിന്റെ പന്തിൽ രോഹിതിന് ക്യാച്ച് നൽകി മടങ്ങി.
മൂന്ന് വിക്കറ്റ് വീതം നേടിയ ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ് എന്നിവരാണ് അതിഥികളുടെ നടുവൊടിച്ചത്. യുസ്വേന്ദ്ര ചാഹൽ രണ്ടും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും നേടി.
നേരത്തെ, ഇന്ത്യക്കായി രോഹിത് - ഗിൽ സഖ്യം ഒന്നാം വിക്കറ്റിൽ 212 റൺസ് അടിച്ചുകൂട്ടിയിരുന്നു. രോഹിത് ഒൻപത് ഫോറും ആറ് സിക്സും പറത്തിയാണ് ഏകദിന കരിയറിലെ 30-ാം സെഞ്ചുറി തികച്ചത്. ഗിൽ 13 ഫോറും അഞ്ച് സിക്സും നേടി നാലാം ഏകദിന സെഞ്ചുറി പൂർത്തിയാക്കി.
തുടക്കം മികച്ചതായെങ്കിലും മധ്യനിരയിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതോടെ സ്കോറിംഗ് വേഗത കുറഞ്ഞു. 54 റൺസ് നേടിയ ഹർദിക് പാണ്ഡ്യയും 36 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് ചേർന്നാണ് പിന്നീട് സ്കോറിംഗ് നിയന്ത്രിച്ചത്.
ഒരുഘട്ടത്തിൽ ഇന്ത്യ 400 കടക്കുമെന്ന് തോന്നിച്ചെങ്കിലും വിക്കറ്റുകൾ തുടരെ നഷ്ടമായത് തിരിച്ചടിയായി. കിവീസിനായി ബ്ലെയർ ടിക്നർ, ജേക്കബ് ഡഫി എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.