വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്; ഇത്തവണ കോൺഗ്രസ് വക
Saturday, September 23, 2023 9:49 AM IST
തൃശൂർ: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിലെ അംഗമായ വ്യക്തി സഹകരണ ബാങ്കിൽ നിന്ന് ഇടപാടുകാർ അറിയാതെ അവരുടെ പേരുപയോഗിച്ച് വായ്പ എടുത്തതായി ആരോപണം. തൃശൂർ കാട്ടാകാമ്പൽ മൾട്ടിപർപസ് സഹകരണ സംഘത്തിലെ ഭരണസമിതി സെക്രട്ടറിയായിരുന്ന കോൺഗ്രസ് പ്രാദേശിക നേതാവ് വി.ആർ. സജിത് ആണ് തട്ടിപ്പ് നടത്തിയത്.
അങ്കണവാടി അധ്യാപികയായ പ്രമീള സുകുമാരൻ എന്ന സ്ത്രീയുടെ പേരിൽ ഇവരറിയാതെ സജിത് വായ്പ എടുത്തിരുന്നു. എടുക്കാത്ത വായ്പയ്ക്ക് ഒമ്പത് ലക്ഷം രൂപ കുടിശിക ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചപ്പോഴാണ് പ്രമീള വിവരമറിയുന്നത്.
നിരസിക്കപ്പെട്ട പഴയ വായ്പാ അപേക്ഷയ്ക്കൊപ്പം പ്രമീള നൽകിയിരുന്ന വേതന സർട്ടിഫിക്കറ്റ് തട്ടിയെടുത്താണ് സജിത് വായ്പ എടുത്തത്. ബാങ്കിൽ ഇടപാടുകാർ ഈടുവച്ച 73 ഗ്രാം സ്വർണം മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ സജിത് മാറ്റി പണയംവച്ചതായും പരാതിയുണ്ട്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.