അന്ന് ധാർമികത ഉയർത്തിയോ?; കോമ്പ് കോർത്ത് കെ.സി. വേണുഗോപാലും അമിത് ഷായും
Wednesday, August 20, 2025 9:51 PM IST
ന്യൂഡൽഹി: ജയിലിലായാല്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും പദവി നഷ്ടമാകുന്ന ബില്ലിനെ ചൊല്ലി ലോക്സഭയിലുണ്ടായ വാക്കേറ്റത്തിനിടെ കൊമ്പ് കോർത്ത് കെ.സി. വേണുഗോപാലും ആഭ്യന്തര മന്ത്രി അമിത്ഷായും.
ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ അതിരൂക്ഷ വിമര്‍ശനമായിരുന്നു കെ.സി. വേണുഗോപാലിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ ബില്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇത് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. രാഷ്ട്രീയത്തില്‍ ധാര്‍മികത കൊണ്ടുവരാനാണ് ഈ ബില്‍ എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ആഭ്യന്തര മന്ത്രിയോട് ഞാനൊന്ന് ചോദിക്കട്ടേ. അദ്ദേഹം ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അക്കാലത്ത് അദ്ദേഹം ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചിരുന്നോ. വേണുഗോപാല്‍ ചോദിച്ചു.
എന്നാല്‍, തനിക്കെതിരേ ഉന്നയിക്കപ്പെട്ടത് തെറ്റായ ആരോപണങ്ങളായിരുന്നുവെന്നായിരുന്നു അമിത് ഷായുടെ മറുപടി. എന്നിട്ടും താന്‍ ധാര്‍മികതയിലും മൂല്യങ്ങളിലും ഉറച്ചുനിന്നു. രാജിവെക്കുക മാത്രമല്ല, സകല ആരോപണങ്ങളില്‍നിന്നും കുറ്റവിമുക്തനാക്കപ്പെടുന്നതുവരെ ഒരു ഭരണഘടനാപദവിയും ഞാന്‍ സ്വീകരിച്ചില്ല.
ധാര്‍മികത പഠിപ്പിക്കാന്‍ ശ്രമിക്കുകയാണോ?. ഞാന്‍ രാജി വച്ചിരുന്നു. ധാര്‍മികത വര്‍ധിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കുറ്റം ചുമത്തപ്പെട്ടിട്ടും ഭരണഘടനാപദവികളില്‍ തുടരാന്‍ മാത്രം നാണമില്ലാത്തവരാകാന് നമുക്ക് കഴിയില്ല. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പുതന്നെ ഞാന്‍ രാജിവച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.