ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷറ്ഫ് ഹംസയും അറസ്റ്റിൽ
Sunday, April 27, 2025 6:25 AM IST
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ ഉൾപ്പടെ മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദുമാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് ഞായറാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഇവരിൽ നിന്നും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തെന്ന് അധികൃതർ പറഞ്ഞു. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു.
അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.
ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്.
ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ് സംഘം പറഞ്ഞു.