പഹൽഗാം ഭീകരാക്രമണം; അന്വേഷണം നടത്താമെന്ന് പാക് പ്രധാനമന്ത്രി
Sunday, April 27, 2025 4:32 AM IST
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്താൻ തയാറാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഖൈബർ പക്തൂൻഖ്വ മിലിട്ടറി അക്കാദമിയിൽ സൈനികരുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന് അവകാശപ്പെട്ട സിന്ധുനദീജലം തരാതിരിക്കുകയോ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയോ ചെയ്താൽ അതിനെ എതിർക്കുമെന്നും എല്ലാമാർഗവുമുപയോഗിച്ച് തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിന്ധുനദീജലം രാജ്യത്തിന്റെ ജീവരേഖയാണ്. അതിന്റെ ലഭ്യത എന്തുവിലകൊടുത്തും ഉറപ്പാക്കുമെന്നും ഷരീഫ് വ്യക്തമാക്കി.
തെളിവില്ലാതെ ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. തങ്ങൾ സമാധാനത്തിനാണ് മുൻഗണന നൽകുന്നത്. അത് തങ്ങളുടെ ബലഹീനതയായി കണക്കാക്കരുത്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.