ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ?; തരൂരിനെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം
Monday, February 17, 2025 7:46 AM IST
തിരുവനന്തപുരം: കേരളത്തിലെ ഇടത് സര്‍ക്കാറിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്നും വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ തന്നെ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര്‍ശിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര്‍മിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
ആയിരക്കണക്കിന് പ്രാദേശിക പ്രവര്‍ത്തകരുടെ അധ്വനത്തിന്റെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് വിജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു തിരിച്ചടിയിയാരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ? എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.