അമേരിക്ക ഏറ്റെടുത്താൽ ഗാസയിലേയ്ക്ക് മടങ്ങാൻ പലസ്തീൻ ജനതയ്ക്ക് അവകാശമുണ്ടാകില്ല: ഡോണള്‍ഡ് ട്രംപ്
Tuesday, February 11, 2025 6:12 AM IST
വാഷിംഗ്ടൺ: ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും വിഷയത്തിൽ പ്രതികരണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ പരാമര്‍ശം. ഗാസയിൽ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന പലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളിൽ മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു.
ഇന്ന് പ്രസിഡന്റ് ട്രംപ് ജോര്ഡൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പലസ്തീനികളെ മാറ്റിപാര്‍പ്പിക്കാൻ ട്രംപ് ആവശ്യപ്പെടും.
പലസ്തീനികള്‍ക്കായി സ്ഥിരം താമസ കേന്ദ്രം ഒരുക്കുന്നതിനെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും ഗാസയെ ഏറ്റെടുക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. അറബ് രാജ്യങ്ങളിൽ മികച്ച താമസ സൗകര്യമൊരുക്കിയാൽ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു.