പത്തനംതിട്ട പോലീസ് മർദനം: എസ്ഐക്ക് സസ്പെൻഷൻ
Wednesday, February 5, 2025 5:38 PM IST
പത്തനംതിട്ട: പത്തനംതിട്ടയില്‍ പാതിരാത്രിയില്‍ യാത്രക്കാരെ തല്ലിയ എസ്ഐക്കെതിരെ കൂടുതൽ നടപടി. എസ്ഐ ജിനുവിനെ സസ്പെൻഡ് ചെയ്തു. ഡിഐജി അജിത ബീഗമാണ് സസ്പെൻഡ് ചെയ്തത്.
ജിനുവിനു പുറമേ ഒരു പോലീസുകാരനെകൂടി സസ്പെൻഡ് ചെയ്തിട്ടുണ്ട്. പോലീസുകാർക്കെതിരെ വകുപ്പുതല നടപടികൾക്ക് പുറമേ കേസെടുത്ത് അന്വേഷണവും ഉണ്ടാകും. എഫ്ഐആർ രജിസ്റ്റർ ചെയ്തു. പോലീസ് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എസ്ഐ ജിനുവിനെ നേരത്തെ എസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു. ആളുമാറി പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും മർദനത്തിലും സ്ത്രീക്ക് ഉൾപ്പെടെ മൂന്നുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
വിവാഹ സത്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകളടങ്ങിയ സംഘത്തിനുനേരേയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ പോലീസ് അതിക്രമം ഉണ്ടായത്. പത്തനംതിട്ട അബാന്‍ ജംഗ്ഷനിലായിരുന്നു സംഭവം.
മര്‍ദനത്തിനിരയായ യുവതിയുടെ തൊളെല്ലൊടിഞ്ഞു. രണ്ടു യുവാക്കൾക്കു ക്രൂരമായ മര്‍ദനമേറ്റു. എസ്ഐ ജിനുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് നരനായാട്ട് നടത്തിയത്.
കൊല്ലത്തു നടന്ന വിവാഹസത്കാരത്തില്‍ പങ്കെടുത്ത് ട്രാവലറില്‍ മടങ്ങിയ സംഘത്തിൽ ഇരുപതോളം പേരുണ്ടായിരുന്നു. എരുമേലി, മുണ്ടക്കയം ഭാഗത്തുനിന്നുള്ളവരാണു ട്രാവലറിൽ ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടിക്കൊണ്ടു പോകാന്‍ ഭര്‍ത്താവ് എത്തി അബാന്‍ ജംഗ്ഷനില്‍ കാത്തുനിന്നിരുന്നു.
ഇവിടെ വാഹനം നിര്‍ത്തിയപ്പോള്‍ സ്ത്രീ അടക്കം അഞ്ചു പേര് പുറത്തിറങ്ങി നിന്നു. ഇവരില്‍ ചിലര്‍ റോഡരികില്‍ മൂത്രമൊഴിക്കുന്നതിനിടെ പാഞ്ഞു വന്ന പോലീസ് വാഹനം നിര്‍ത്തി "ഓടെടാ' എന്നു പറഞ്ഞ് ലാത്തിച്ചാര്‍ജ് തുടങ്ങുകയായിരുന്നുവെന്ന് പറയുന്നു. എസ്ഐ ജിനു മഫ്തിയിലായിരുന്നു.
ഭര്‍ത്താവിനെയും കൂടെ വന്നവരെയും പോലീസ് മര്‍ദിക്കുന്നത് കണ്ട് ഭയന്നോടിയപ്പോള്‍ വീണാണ് സിത്താര (31) എന്ന യുവതിക്ക് പരിക്കേറ്റത്. സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഭര്‍ത്താവ് ശ്രീജിത്തിന്റെ തലയ്ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു.
സിജിന്‍ എന്ന യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു. തങ്ങളെ എന്തിനാണു മര്‍ദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മറുപടി ഉണ്ടായില്ലെന്നും ഓടെടാ എന്നു മാത്രമാണ് പറഞ്ഞതെന്നുമാണ് പരിക്കേറ്റവരുടെ മൊഴി. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സസയിലാണ്.
അതേസമയം, മര്‍ദനം ആളുമാറിയാണെന്നാണു പോലീസിന്റെ അനൗദ്യോഗിക വിശദീകരണം. അബാന്‍ ജംഗ്ഷനിലെ ബാറിനു സമീപം അടിപിടി നടക്കുന്നുവെന്ന് സ്റ്റേഷനില്‍ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം എത്തിയതെന്നു പറയുന്നു.
ക്വാര്‍ട്ടേഴ്സിലായിരുന്ന എസ്ഐ ജിനു സ്റ്റേഷനില്‍നിന്ന് വിളിച്ചതനുസരിച്ചാണ് പോലീസ് സംഘം എത്തിയത്. പോലീസ് സംഘം ചെന്നപ്പോള്‍ ഒരു യുവതിയും നാലു പുരുഷന്മാരും ചേര്‍ന്ന് ബാറിന് മുന്നില്‍നിന്ന് സെല്‍ഫി എടുക്കുന്നതാണ് കണ്ടത്. അതിനിടെ ഹെല്‍മറ്റ് ധരിച്ച രണ്ടുപേര്‍ ഓടിപ്പോകുന്നതും കണ്ടു.
ബാറിന് മുന്നില്‍നിന്നവർ അടിപിടി സംഘത്തിലുള്ളവരാണെന്ന് കരുതിയാണു മര്‍ദിച്ചതെന്നാണു പറയുന്നത്. സിത്താരയെ പോലീസ് മര്‍ദിക്കുന്നതു തടയാന്‍ ശ്രമിക്കുമ്പോഴാണ് ശ്രീജിത്തിന് മര്‍ദനമേറ്റത്. പോലീസ് സംഘത്തില്‍ രണ്ടു പേരൊഴികെ എല്ലാവരും മഫ്തിയിലായിരുന്നു.
അതിക്രമത്തിനു നേതൃത്വം നല്കിയ എസ്ഐ ജിനുവിന് ഒരാഴ്ച മുൻപ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ പ്ലസ്ടു വിദ്യാര്‍ഥിയില്‍നിന്ന് ക്രൂരമര്‍ദനമേറ്റിരുന്നു. സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിഞ്ഞ വിദ്യാര്‍ഥിയെ തടയാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ എസ്ഐ ചികിത്സയ്ക്കുശേഷം കഴിഞ്ഞദിവസമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്.