കോഴിക്കോട്ടെ സ്വകാര്യ ബസ് അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
Wednesday, February 5, 2025 10:46 AM IST
കോഴിക്കോട്: അരയിടത്തുപാലത്തെ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മുഹമ്മദ് സാനിഹ് മരിച്ചു. ബസിന് മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്.
കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് മരണം. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 50ലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന ബസാണു മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ദൃക്സാക്ഷികളുടെയും യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടകാരണം കണ്ടെത്തി തുടർ നടപടികളെടുക്കുമെന്നും പോലീസ് അറിയിച്ചു.