എഴുതിക്കൊണ്ടിരിക്കുന്ന പരുസ്തകം എങ്ങനെ പ്രസിദ്ധീകരിക്കും; പിന്നിൽ ഗൂഢാലോചനയെന്ന് ജയരാജൻ
Wednesday, November 13, 2024 4:33 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
പല പ്രസാധകരും തന്നോട് ചോദിച്ചിരുന്നു. എല്ലാം പൂർത്തീകരിച്ച് വായിച്ചുനോക്കി പ്രിന്റിംഗിലേക്ക് കൊടുക്കാമെന്നാണ് വിചാരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംശയാസ്പതമായ കാര്യങ്ങളിലൂടെ പറയുന്നത് ശരിയല്ല. അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യങ്ങളുണ്ട്. കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. ഡിസി ബുക്ക്സിനെ താൻ പ്രസിദ്ധീകരണത്തിന് ഏൽപ്പിച്ചിട്ടില്ല. താൻ എഴുതിക്കൊണ്ടിരിക്കുന്ന പരുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുക എന്ന് ജയരാജൻ പറഞ്ഞു.
തെറ്റായ നിലപാടാണ് ഡിസി സ്വീകരിച്ചത്. തെറ്റായ നടപടിയാണ് അവരുടേത്. താൻ എഴുതാത്ത കാര്യത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വാർത്തയാണ് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
തന്റെ വിശ്വസ്തനായിട്ടുള്ള പത്രപ്രവർത്തകനെ ഇത് എഡിറ്റ്ചെയ്ത് തയാറാക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൽനിന്ന് പുറത്തുപോകാൻ സാധ്യതയില്ല. താൻ എഴുതാത്ത കാര്യങ്ങൾ വന്നതിനാലാണ് സംശയം വർധിക്കുന്നത്.
സ്വയം പരിഹസിക്കുന്ന ഭാഗം താൻ തലക്കെട്ടായി നൽകുമോ. കവറിലുള്ള തന്റെ ചിത്രം എവിടെയെല്ലാമുണ്ട്. പുസ്തകത്തിന് ഒരു പേര് പോലും താൻ ഇതുവരെ നിർദേശിച്ചിട്ടില്ല.
ഡിസി ബുക്ക്സിൽ വിളിച്ച് പുസ്തകം പ്രസിദ്ധീകരിക്കാൻ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ബോധപൂർവമാണ് ഈ നീക്കം നടന്നിട്ടുള്ളത്. തെറ്റ് ചെയ്യാത്ത താൻ ഭയപ്പെടേണ്ടതില്ലെന്നും ജയരാജൻ വ്യക്തമാക്കി.