കണ്ണൂരിലെ സ്ത്രീയുടെ മരണം; പ്രതി അറസ്റ്റിൽ
Thursday, October 23, 2025 9:15 AM IST
കണ്ണൂർ: ബിവറേജസ് ഔട്ട്ലറ്റിന് സമീപത്തെ കടവരാന്തയിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ കുറ്റിപ്പുറം സ്വദേശിയും കണ്ണൂർ നഗരത്തിൽ ആക്രിപെറുക്കി ജീവിക്കുന്നയാളുമായ ശശികുമാറിനെ (52) ടൗൺ പോലീസ് അറസ്റ്റ്ചെയ്തു.
തോട്ടട സമാജ്വാദി നഗറിലെ 50കാരിയെയാണ് ചൊവ്വാഴ്ച രാവിലെ പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് പുറകുവശത്തുള്ള കടവരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അതിക്രമത്തിനിടയിൽ സ്ത്രീയുടെ തല തറയിലിടിച്ചാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. തലയുടെ പുറകുവശത്ത് മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബലംപ്രയോഗിച്ച് പീഡനം നടന്നതായും തെളിഞ്ഞു. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷിമൊഴിയും ശാസ്ത്രീയ അന്വേഷണവുമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്.
സ്ത്രീയും നഗരത്തിൽ ആക്രിപെറുക്കി ജീവിക്കുന്നയാളാണ്. 20 വർഷമായി ശശികുമാർ കണ്ണൂരിലുണ്ട്. ഭാര്യയും മക്കളും നാട്ടിലുണ്ടെന്ന് പറയുന്നു.
രാത്രി വൈകിയും ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് കണ്ട തമിഴ്നാട് സ്വദേശിയുടെ സാക്ഷിമൊഴിയാണ് പ്രതിയിലേക്ക് മണിക്കൂറിനുള്ളിൽ എത്താൻ സാധിച്ചത്.
ബലംപ്രയോഗിച്ചുള്ള ലൈംഗീകാതിക്രമത്തിനിടെ സ്ത്രീ തലയിടിച്ച് തറയിൽ വീണു. തലയുടെ പുറകുവശം മുറിഞ്ഞ് രക്തം വാർന്നു. മദ്യലഹരിയിലായിരുന്ന പ്രതിക്ക് ഇതൊന്നും മനസിലായില്ല.
ബുധനാഴ്ച ഉച്ചയോടെ പോലീസിന്റെ പിടിയിലായപ്പോൾ മാത്രമാണ് സ്ത്രീ കൊല്ലപ്പെട്ടത് ഇയാൾ അറിഞ്ഞത്. ഇരുവരും നഗരത്തിലെ കടവരാന്തയിലാണ് വർഷങ്ങളായി താമസിക്കുന്നത്. ഇയാൾക്ക് മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്ന് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.