ഛഠ് പൂജ നടക്കാനിരിക്കെ ഡൽഹിയിൽ യമുനയിലെ വിഷപ്പത ആശങ്കയാകുന്നു
Thursday, October 23, 2025 7:46 AM IST
ന്യൂഡൽഹി: ഛഠ് പൂജ നടക്കാനിരിക്കെ ഡൽഹിയിൽ യമുന നദിയിലെ വിഷപ്പത ആശങ്ക ഉയർത്തുന്നു. രാസവസ്തു തളിച്ച് പത നശിപ്പിക്കാൻ ഫ്രോത്ത് സപ്രഷൻ ഡ്രൈവ് എന്ന പ്രത്യേക ദൗത്യം തുടങ്ങിയിരിക്കുകയാണ് ഡൽഹി സർക്കാർ.
എന്നാൽ താത്കാലിക നടപടി കൊണ്ടൊന്നും ഒരു ഫലവുമില്ലെന്ന് നാട്ടുകാർ പറയുന്നു. ഛഠ് പൂജയ്ക്ക് ഭക്തർ മുങ്ങാൻ എത്തുന്ന 17 ഇടങ്ങളിലും ഇങ്ങനെ പത നശിപ്പിക്കാൻ ബോട്ടുകൾ ഡൽഹി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷങ്ങളിൽ ഡൽഹി യമുനാ തീരത്ത് ഛഠ് പൂജയിൽ പങ്കെടുത്തത്.
പ്രത്യേക രാസവസ്തുക്കൾ തളിച്ചാണ് പത നശിപ്പിക്കുന്നതെങ്കിലും നദിയിൽ കുളിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വെള്ളം ശുദ്ധമാണെങ്കിൽ മുഖ്യമന്ത്രി യമുനയിലെ ഒരു ലിറ്റർ വെള്ളം കുടിക്കണമെന്നാണ് ആം ആദ്മി പാർട്ടിയുടെ വെല്ലുവിളി.