പശ്ചിമ ബംഗാളിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ
Thursday, October 23, 2025 6:14 AM IST
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. തിങ്കളാഴ്ച ഹൗറ ജില്ലയിൽ ശരത്ചന്ദ്ര ചദോപ്ധ്യായ മെഡിക്കൽ കോളജിലാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ മൂന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ചികിത്സയ്ക്കായി എത്തിയ ഗർഭിണിയായ യുവതിയുടെ ചെക്കപ്പ് നടത്തിയ ജൂണിയർ വനിതാ ഡോക്ടർക്ക് നേരേയാണ് ആക്രണമുണ്ടായത്. ചില ആരോഗ്യ പ്രശ്നങ്ങൾമൂലം ഡോക്ടർക്ക് ചെക്കപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് ഗർഭിണിയായ യുവതിക്കൊപ്പമെത്തിയ മൂന്ന് പേരും ഡോക്ടറും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഇവർ ഡോക്ടറെ അക്രമിക്കുകയുമായിരുന്നു.
ഇവർ ഡോക്ടറുടെ മുഖത്തടിക്കുകയും കൈ പുറകിലേക്ക് പിടിച്ച് തിരിക്കുകയും ചെയ്തെന്നാണ് പരാതി. കൂടാതെ ഡോക്ടറെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു.