മദ്യലഹരിയിൽ മരണപ്പാച്ചിൽ; വഴിയരികിലെ വാഹനങ്ങൾ ഇടിച്ച് തകർത്തു, കേസെടുത്ത് പോലീസ്
Thursday, October 23, 2025 3:47 AM IST
കൊച്ചി: കൊച്ചിയിൽ മദ്യലഹരിയിൽ ആഡംബരക്കാർ വഴിയരികിൽ നിർത്തിയിട്ട കാറുകൾ ഇടിച്ചു തകർത്തിട്ടും നിർത്താതെ പോയി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കാർ ഓടിച്ച കൊട്ടാരക്കര സ്വദേശി നിജീഷിനെതിരെ പോലീസ് കേസെടുത്തു.
അപകടത്തിൽ കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല. കഴിഞ്ഞ 19ന് എംജി റോഡിൽ നിരനിരയായി നിർത്തിയിട്ട കാറുകളിലേക്ക് മറ്റൊരു വാഹനം പാഞ്ഞുകയറി. ചുറ്റും നിന്നവർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും തുടർച്ചയായി നാല് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. ഒടുവിൽ പ്രദേശത്തുണ്ടായിരുന്നവർ ഓടികൂടിയാണ് നിജീഷിന്റെ വാഹനം തടഞ്ഞ് നിർത്തിയത്.
കാറുകൾക്കുള്ളിൽ ഡ്രൈവർമാരും യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. വിവരമറിഞ്ഞെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പരിശോധനയിൽ തെളിഞ്ഞു.
നാല് വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന നിജീഷ് സുഹൃത്തിന്റെ വിവാഹത്തിനായി കൊച്ചിയിൽ വന്നതാണ്. മദ്യപിച്ച് ബോധം പോയെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.