താമരശേരി ആക്രമണം: ഛിദ്രശക്തികൾ നുഴഞ്ഞുകയറി നടത്തിയതെന്ന് മന്ത്രി എം.ബി. രാജേഷ്
Thursday, October 23, 2025 2:32 AM IST
തിരുവനന്തപുരം: താമരശേരിക്കടുത്ത് അന്പായത്തോട്ടിലെ മാലിന്യ സംസ്കരണ പ്ലാന്റിനു നേർക്കുണ്ടായ ആക്രമണം യാദൃശ്ചികമല്ലെന്നും ഛിദ്രശക്തികൾ ജനകീയ സമരത്തിൽ നുഴഞ്ഞുകയറി നടത്തിയതാണെന്നും മന്ത്രി എം.ബി. രാജേഷ്.
സംഭവത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത ആക്രമണമാണ് നടന്നത്. നാട്ടിൽ എല്ലാം മുടക്കാൻ നടക്കുന്ന ചില ഛിദ്ര ശക്തികളുണ്ട്. അവരുടെ ഇടപെടൽ പ്രകടമാണ്. ഇതൊന്നും വച്ചുപൊറുപ്പിക്കില്ല.
സാധാരണ ജനകീയപ്രതിഷേധം ഇങ്ങനെയാണോ നടക്കുന്നത്. ഇതിനെ സാധാരണ ജനകീയ പ്രതിഷേധമായി കാണാനാകില്ല. സ്ത്രീകളെയും കുട്ടികളെയും മറയാക്കി ചിലർ നുഴഞ്ഞു കയറി നടത്തിയ അക്രമമാണിത്.
നിയമപരമായ അനുമതി വാങ്ങിയാണ് മാലിന്യ സംസ്കരണ സ്ഥാപനം വീണ്ടും പ്രവർത്തനം തുടങ്ങാനിരുന്നത്. മുൻപ് ഉയർന്ന പരാതികൾ സർക്കാർ ഗൗരവത്തോടെ പരിശോധിക്കുകയും പരിഹരിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഇനിയും പരാതിയുണ്ടെങ്കിൽ നിയമപരമായി പരിശോധിക്കാനും തീർപ്പാക്കാനും സർക്കാർ തയാറാണെന്നും മന്ത്രി പറഞ്ഞു.