പിഎം ശ്രീ പദ്ധതി: ബിജെപിയുടെ അജണ്ടയ്ക്ക് വഴങ്ങരുതെന്ന് സണ്ണി ജോസഫ്
Thursday, October 23, 2025 1:18 AM IST
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് ഒരിക്കലും സംസ്ഥാന സര്‍ക്കാര്‍ വഴങ്ങരുതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
നാടിന്റെ പുരോഗതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കുമ്പോള്‍ അതില്‍ ഉപാധികള്‍ ഉണ്ടാകാന്‍ പാടില്ല. ഇരകൊളുത്തി ചൂണ്ടയിടുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേത്. കേന്ദ്രം നല്‍കുന്നത് നമ്മുടെ നികുതിപ്പണമാണ്. അര്‍ഹതപ്പെട്ട പണം വാങ്ങുന്നത് അവകാശമാണ്. അവിടെ വ്യവസ്ഥകള്‍ക്ക് സ്ഥാനമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയെ എതിര്‍ക്കുന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുമോയെന്നത് കണ്ടറിയാം. ഈ വിഷയത്തില്‍ എല്‍ഡിഎഫിലെ അനൈക്യം പ്രകടമാണ്.
ദേവസ്വം ബോര്‍ഡ് അറിയാതെ സ്വര്‍ണ മോഷണം നടക്കില്ലെന്ന ഹൈക്കോടതി പരാമര്‍ശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നും സണ്ണി ജോസഫ് ചോദിച്ചു. ഹൈക്കോടതി ആവര്‍ത്തിച്ച് ഇക്കാര്യം വ്യക്തമാക്കിയതാണ്.
ഉന്നതരുടെ പങ്കില്ലാതെ ഇതുപോലൊരു ഭീകര സ്വര്‍ണക്കൊള്ള നടക്കില്ല. വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് തെളിയിക്കുന്നതില്‍ അന്വേഷണ സംവിധാനങ്ങള്‍ക്ക് മെല്ലെപ്പോക്കുണ്ട്. പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണമെടുത്ത് ഏതറ്റംവരെയും പോകുന്ന ശൈലിയാണ് സിപിഎമ്മിന്റേത്. പക്ഷെ അതു വിജയിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.