കോണ്‍ക്രീറ്റ് ഇത്തിരി താഴ്ന്നാലെന്താ; ഹെലികോപ്റ്റർ മുകളിലോട്ടല്ലേ ഉയരുന്നത്: കെ.യു.ജനീഷ് കുമാർ
Wednesday, October 22, 2025 8:11 PM IST
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഹെലികോപ്റ്റർ പ്രമാടത്തെ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ പ്രതികരണവുമായി കെ.യു.ജനീഷ് കുമാർ എംഎൽഎ. എച്ച് മാർക്കിൽ ഹെലികോപ്റ്റർ ഇടാൻ പൈലറ്റിന്റെ നിർദേശം അനുസരിച്ച് തള്ളിമാറ്റിയതാണെന്ന് എംഎൽഎ പറഞ്ഞു.
കോൺക്രീറ്റിൽ ടയർ താഴ്ന്നാൽ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റർ മുകളിലേക്കല്ലേ ഉയരുന്നതെന്നും ജനീഷ് കുമാർ ചോദിച്ചു. ഹെലിപ്പാഡില്‍ എച്ച് മാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. ലാന്‍ഡ് ചെയ്തപ്പോള്‍ അല്‍പ്പം പിന്നിലേക്കായിപ്പോയി.
ഉയര്‍ത്തുന്ന ഘട്ടത്തില്‍ ഫാന്‍ കറങ്ങി ചെളിയും പൊടിയും ഉയരാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പൈലറ്റ് തന്നെയാണ് സുരക്ഷാ ജീവനക്കാരോട് ഹെലികോപ്റ്റര്‍ സെന്‍ട്രലിലേക്ക് നീക്കി നിര്‍ത്തണമെന്ന് പറഞ്ഞത്. ഹെലിപ്പാഡില്‍ ഒരു കേടുപാടും ഉണ്ടായിട്ടില്ലെന്നും ജനീഷ് കുമാര്‍ പറഞ്ഞു.