ആശാവര്‍ക്കര്‍മാർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു
Wednesday, October 22, 2025 4:22 PM IST
തിരുവനന്തപുരം: ആശാവർക്കർമാർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘര്‍ഷം. ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
തുടർന്ന് അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയ പോലീസ് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സമരക്കാർക്കുനേരെ പോലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പരിഞ്ഞുപോകാൻ അവർ തയാറായില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ കാണാതെ പിരിഞ്ഞുപോകില്ലെന്നാണ് ആശമാരുടെ നിലപാട്. ഇതിനിടെ സമരക്കാരുടെ മൈക്കും സ്പീക്കറും പോലീസ് എടുത്തുമാറ്റിയതും സംഘർഷത്തിൽ കലാശിച്ചു.
യുഡിഎഫ് സെക്രട്ടറി സി.പി.ജോണിനെയും ആശ സമര നേതാവ് എസ്. മിനി, എം.എ.ബിന്ദു, ഗിരിജ, ജിതിക, മീര എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റു.
നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത ആശാപ്രവര്‍ത്തകരെ നന്ദാവനം പോലീസ് ക്യാംപിലേക്ക് മാറ്റി.
ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്ഷന് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.