വാലറ്റത്ത് റബാഡ വെടിക്കെട്ട്: പാക്കിസ്ഥാനെതിരേ ലീഡ് പിടിച്ചുവാങ്ങി ദക്ഷിണാഫ്രിക്ക; ആറുവിക്കറ്റുമായി ആസിഫ്
Wednesday, October 22, 2025 3:10 PM IST
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ വാലറ്റത്തിന്റെ പോരാട്ടവീര്യത്തിൽ ലീഡ് പിടിച്ച് ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 333 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 404 റൺസിന് പുറത്തായി. നിലവിൽ സന്ദർശകർക്ക് 71 റൺസിന്റെ നിർണായക ലീഡുണ്ട്.
അവസാന വിക്കറ്റുകളിൽ നങ്കൂരമിട്ട് പോരാടിയ സെനുരൺ മുത്തുസാമിയുടെയും (89) ഒമ്പതാം വിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച കഗീസോ റബാഡയുടെയും (71) കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്.
റബാഡ 61 പന്തിൽ നാലു വീതം സിക്സറും ഫോറുമുൾപ്പെടെയാണ് 71 റൺസെടുത്തത്. അതേസമയം, 155 പന്തിൽ എട്ടു ഫോറുകൾ മാത്രം ഉൾപ്പെടുന്നതാണ് മുത്തുസാമിയുടെ ഇന്നിംഗ്സ്. എട്ടിന് 235 റൺസെന്ന നിലയിൽ നിന്നാണ് വാലറ്റത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്ക 400 കടന്നത്.
നാലിന് 185 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് കൈൽ വെരെയ്ൻ (10), ട്രിസ്റ്റൺ സ്റ്റബ്സ് (76), സൈമൺ ഹാർമർ (രണ്ട്), മാർക്കോ യാൻസൺ (12) എന്നിവരുടെ വിക്കറ്റുകൾ അതിവേഗം നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച മുത്തുസാമിയും കേശവ് മഹാരാജും (30) ചേർന്ന് 71 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി.
സ്കോർ 300 കടന്നതിനു പിന്നാലെ കേശവിനെ നഷ്ടമായെങ്കിലും റബാഡയുമായി ചേർന്ന് പടുത്തുയർത്തിയ 98 റൺസിന്റെ കൂട്ടുകെട്ടാണ് സ്കോർ 400 കടത്തിയത്.
പാക്കിസ്ഥാനു വേണ്ടി ആസിഫ് അഫ്രീദി 79 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തി. നൊമാൻ അലി രണ്ടുവിക്കറ്റും ഷഹീൻഷാ അഫ്രീദി, സാജിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.