കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ല, പക്ഷേ ബിജെപിയുടെ അജണ്ട നടപ്പിലാക്കാൻ പാടില്ല: വി.ഡി. സതീശൻ
Wednesday, October 22, 2025 1:23 PM IST
പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ ബിജെപിയുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയുടെ വീട്ടിൽ നിന്നല്ല കേന്ദ്ര ഫണ്ട് നൽകുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കിയതെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ സിപിഐയെ പരിഹസിച്ച സതീശൻ, എന്തിനാണ് നാണംകെട്ട് എൽഡിഎഫിൽ നിൽക്കുന്നതെന്ന് ചോദിച്ചു. ഏതു സിപിഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ പരാമർശം.
അതേസമയം, സിപിഐയെ മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു. എൻഡിഎയിൽ നിന്നും എൽഡിഎഫിൽ നിന്നും നിരവധിപാർട്ടികൾ യുഡിഎഫിലേക്ക് വരാനായി കാത്തു നിൽക്കുന്നുണ്ട്. എന്നാൽ നിലവിൽ ചർച്ചകൾ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.