അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവം; കോൺഗ്രസും ബിജെപിയും പ്രതിഷേധിക്കും
Tuesday, October 21, 2025 6:56 AM IST
പാലക്കാട്: അട്ടപ്പാടിയിൽ മൂന്നേക്കറോളം ഭൂമിക്ക് തണ്ടപ്പേര് മാറ്റിക്കിട്ടാത്തതിൽ മനംനൊന്ത് കർഷകൻ കൃഷ്ണസ്വാമി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് വില്ലേജ് ഓഫീസറെ ഉപരോധിക്കും.
ബിജെപിയുടെ നേതൃത്വത്തിൽ അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. റവന്യൂ ഉദ്യോഗസ്ഥരാണ് കൃഷ്ണസ്വാമിയുടെ മരണത്തിന് ഉത്തരവാദികളെന്നാണ് ആരോപണം.
കൃഷ്ണസ്വാമിയുടെ ഭൂമി റവന്യൂ അധികൃതൻ, രേഖകളിൽ തിരിമറി നടത്തി മറ്റൊരാളുടെ പേരിലാക്കിയെന്നാണ് ആരോപണം. അതേസമയം ഇന്ന് റവന്യൂ ഉദ്യോഗസ്ഥർ ജില്ലാകളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറും അറിയിച്ചു.
തിങ്കളാഴ്ചയാണ് അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയെ (52) കൃഷിസ്ഥലത്തു തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വില്ലേജിൽ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി വില്ലേജിൽ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്നങ്ങൾ നീക്കാനായി നടപടികൾ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിൻറെ വിശദീകരണം.
ഇദ്ദേഹത്തിന്റെ ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലായിരുന്നു. ഇതു മാറ്റിക്കിട്ടാൻ ആറുമാസമായി വില്ലേജ് ഓഫീസിലും റവന്യു ഉദ്യോഗസ്ഥരെ നേരിൽകണ്ടും പരാതി ബോധിപ്പിച്ചിട്ടും നടപടിയുണ്ടായില്ല.