മന്ത്രി പറഞ്ഞു, ഉദ്യോഗസ്ഥർ നടപ്പാക്കി; പിടിച്ചെടുത്ത എയര്‍ഹോണുകള്‍ റോഡ്റോളര്‍ കയറ്റി നശിപ്പിച്ചു
Monday, October 20, 2025 2:19 PM IST
കൊച്ചി: ഗതാഗതമന്ത്രിയുടെ നിർദേശമനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത എയർഹോണുകള്‍ നശിപ്പിച്ചു. കൊച്ചിയില്‍ കമ്മട്ടിപ്പാടത്തെ ഒരു ആളൊഴിഞ്ഞ റോഡില്‍ വെച്ചാണ് ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചത്. എത്ര ഹോണുകള്‍ നശിപ്പിച്ചെന്നുള്ള വിവരം പിന്നാലെ അറിയിക്കുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഉടനീളം എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പരിശോധിച്ച് ഹോണുകള്‍ പിടിച്ചെടുക്കണമെന്നും ഇവ റോഡ് റോളര്‍ കയറ്റി നശിപ്പിച്ചു കളയണമെന്നുമായിരുന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദേശം.
ഒക്ടോബര്‍ 13 മുതല്‍ 19 വരെയായിരുന്നു വാഹനങ്ങളിലെ എയര്‍ ഹോണ്‍ കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നടപടി പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്ന് പിടിച്ചെടുത്ത ഹോണുകള്‍ എല്ലാം നിരത്തിവെച്ച് റോഡ് റോളര്‍ കയറ്റി നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു.