തത്കാലം മത്സരിക്കാനില്ല: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദത്തിൽനിന്നു പിന്മാറി ചിരാഗ് പാസ്വാൻ
Monday, October 20, 2025 1:03 PM IST
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദത്തിൽനിന്ന് പിന്മാറി എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ. ജെഡി-യു നേതാവ് നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുവെന്ന് ചിരാഗ് വ്യക്തമാക്കി.
എല്ലാ പാർട്ടികളും അവരുടെ നേതാവ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കും. പിതാവ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. നിയമസഭയിലേക്ക് തത്കാലം മത്സരിക്കാനില്ലെന്നും ഏതാനും വർഷങ്ങൾക്ക് ശേഷം തന്റെ ശ്രദ്ധ പൂർണമായും ബിഹാറിലേക്ക് തിരിയുമെന്നും ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ എൻഡിഎ സഖ്യത്തിൽ നിതീഷ് കുമാറിന് കീഴിൽ തന്നെയാവും മിക്ക നേതാക്കന്മാരും മത്സരിക്കുക. സംസ്ഥാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും നിയമ സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും താത്പര്യമുണ്ടെങ്കിലും നിലവിൽ പാർട്ടിയുടെ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിന് മാത്രമാണ് പരിഗണനയെന്നും എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
നവംബർ 6നും 11നും രണ്ട് ഘട്ടങ്ങളിലായാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 14നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വിടുക.