ഐക്യരാഷ്ട്ര സംഘടനയുടെ ഓഫീസിലെ 20 ജീവനക്കാരെ തടഞ്ഞുവച്ച് ഹൂതികൾ
Monday, October 20, 2025 5:20 AM IST
കയ്റോ: ഐക്യരാഷ്ട്ര സംഘടനയുടെ സനായിലെ ഹദയിലുള്ള ഓഫീസിലെ 20 ജീവനക്കാരെ തടഞ്ഞുവച്ച് ഹൂതികൾ. യെമൻ തലസ്ഥാനമായ സനായിൽ ഐക്യരാഷ്ട്ര സംഘടനയുടെ മേഖലാ ഓഫീസിലെ ജീവനക്കാരെയാണ് ഹൂതികൾ തടഞ്ഞുവച്ചത്. ചോദ്യം ചെയ്തശേഷം 11 പേരെ വിട്ടയച്ച ഹൂതികൾ യെമൻ സ്വദേശികളായ അഞ്ച് ജീവനക്കാരെയും മറ്റു രാജ്യക്കാരായ 15 ജീവനക്കാരെയുമാണ് തടഞ്ഞുവച്ചത്.
ലോക ഭക്ഷ്യ പദ്ധതി, യുനിസെഫ്, മാനുഷിക കാര്യങ്ങളുടെ ഏകോപനം എന്നിങ്ങനെ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വിവിധ ഏജൻസികളിലെ ജീവനക്കാരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ജീവനക്കാരുടെ ഫോൺ, സെർവറുകൾ, കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തെന്നും എത്രയുംവേഗം പ്രശ്നം പരിഹരിക്കുന്നതിന് ഹൂതികളുമായി ആശയവിനിമയം നടത്തിവരികയാണെന്നും യുഎൻ വക്താവ് ജീൻ അലം പറഞ്ഞു.
സനായിലെ മറ്റൊരു ഓഫീസിൽ ശനിയാഴ്ച ഹൂതികൾ പരിശോധന നടത്തിയിരുന്നു. യെമനിലെ വിമതരുടെ നിയന്ത്രണത്തിലുള്ള സനാ, തീരദേശ നഗരമായ ഹുദൈദ, വടക്കൻ യെമനിലെ സാദാ പ്രവിശ്യയിലെ വിമത ശക്തികേന്ദ്രം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയ്ക്കും മറ്റു രാജ്യാന്തര സംഘടനകൾക്കുമെതിരെ ഹൂതികൾ നിരന്തരമായി പ്രവർത്തിച്ചുവരികയാണ്.