ഇസ്രായേലിന് വേണ്ടി ചാരവൃത്തിയ നടത്തിയയാളെ തൂക്കിലേറ്റിയെന്ന് ഇറാൻ
Monday, October 20, 2025 3:19 AM IST
ടെഹ്റാൻ: ചാരവൃത്തി നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ തൂക്കിലേറ്റിയെന്ന് ഇറാൻ. ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി ചാരവൃത്തി നടത്തിയെന്നാണ് ഇറാൻ ആരോപിക്കുന്നത്. എന്നാൽ തൂക്കിലേറ്റിയത് ആരെയെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല.
2023 ഒക്ടോബറിൽ ഇസ്രായേലി ഇന്റലിജൻസുമായി ബന്ധപ്പെടാൻ തുടങ്ങിയ ഇയാളെ 2024 ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ജൂണിൽ ഇറാനും ഇസ്രയേലും തമ്മിൽ നടന്ന 12 ദിവസത്തെ ഏറ്റുമുട്ടലിനെതുടർന്ന് നടപ്പാക്കിയ വധശിക്ഷകളിൽ ഏറ്റവും ഒടുവിലത്തേതാണിത്.
ഈ മാസം ആദ്യം ഭീകരവാദം ആരോപിച്ച് ഖുസെസ്ഥാൻ പ്രവിശ്യയിൽ ആറ് പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിന് ഒരാഴ്ച മുന്പ് ഇസ്രയേലിന്റെ പ്രധാന ചാരന്മാരിൽ ഒരാളെന്ന് ആരോപിച്ച് ഒരാളെ തൂക്കിലേറ്റിയിരുന്നു.
മൊസാദുമായി സഹകരിച്ചതായും രഹസ്യ വിവരങ്ങൾ ഓൺലൈനായി കൈമാറിയെന്ന് സമ്മതിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഏറ്റവും ഒടുവിലത്തെ വധശിക്ഷയെന്നാണ് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം. ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള വിശുദ്ധ നഗരമായ കോമിൽ കഴിഞ്ഞ ദിവസം രാവിലെയാണ് വധശിക്ഷ നടപ്പാക്കിയത്.