കബാലി റോഡ് തടഞ്ഞു; യാത്രക്കാർ കുടുങ്ങി
Sunday, October 19, 2025 9:47 PM IST
അതിരപ്പിള്ളി: മലക്കപ്പാറ അമ്പലപ്പാറയിൽ കാട്ടാന കബാലി റോഡിൽ നിലയുറപ്പിച്ചതു മണിക്കൂറുകളോളം ഗതാഗതം മുടക്കി. വിനോദസഞ്ചാരികളുടെ രണ്ടു കാറുകൾക്കുനേരേ കാട്ടാന ആക്രമണവും നടത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് ഉച്ചകഴിഞ്ഞു രണ്ടരയോടെ അമ്പലപ്പാറയ്ക്കും വാൽവ് ഹൗസിനും ഇടയിലുള്ള റോഡിൽ മരം മറിച്ചിട്ട് റോഡിൽനിന്നു മാറാൻ തയാറാവാതെ വാഹനങ്ങൾ തടഞ്ഞ് കാട്ടാന നിലയുറപ്പിക്കുകയായിരുന്നു. മണിക്കൂറുകളായി അന്തർസംസ്ഥാനപാതയിൽ ഇതുമൂലം വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു.
ആനയ്ക്കു സമീപത്തുനിന്ന് ഇരുവശത്തേക്കും ഒരു കിലോമീറ്റർ ദൂരത്തിലേക്കു വാഹനങ്ങൾ മാറ്റിയിടാൻ വനംവകുപ്പ് നിർദേശിച്ചു. ആനയ്ക്കു പോകാൻ സൗകര്യമൊരുക്കിയിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ആന റോഡിൽനിന്നും മാറിയത്.