ഭാരതപ്പുഴയിൽ രണ്ട് വിദ്യാർഥികള്‍ ഒഴുക്കിൽപ്പെട്ടു, ഒരാളെ രക്ഷപ്പെടുത്തി
Sunday, October 19, 2025 4:45 PM IST
പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പോലീസ് അറിയിച്ചു.
കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകൻ സുഗുണേഷ്(18) ആണ് കാണാതായത്. കോട്ടായി സ്വദേശിയായ അഭിജിത്തിനെയാണ് രക്ഷപ്പെടുത്തിയത്.
സുഗുണേഷിനായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർഥികള്‍. കുളിക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.
നിലവിൽ അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. വിദ്യാർഥിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്.