ഇസ്രയേൽ ഷെല്ലാക്രമണത്തിൽ ബസ് യാത്രികരായ 11 പേർ കൊല്ലപ്പെട്ടു
Sunday, October 19, 2025 2:15 AM IST
ജറുസലം: വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇസ്രയേൽ സൈനികർ സെയ്തൂൺ മേഖലയിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ബസ് യാത്രികരായ 11 പേർ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ ധാരണയ്ക്കുശേഷം സെയ്തൂൺ മേഖലയിലെ തങ്ങളുടെ വീട് പരിശോധിക്കാനായി പുറപ്പെട്ട കുടുംബമാണ് കൊല്ലപ്പെട്ടത്.
അബു ഷാബാൻ എന്ന കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കുടുംബത്തെ ഇല്ലാതാക്കിയതിൽ ഇസ്രയേലിന് ന്യായീകരിക്കാവുന്ന ഒരു കാരണവുമില്ലെന്ന് ഹമാസ് നേതൃത്വം പ്രതികരിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്.
എട്ട് ദിവസങ്ങൾക്ക് മുന്പാണ് ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതും സൈനിക പിന്മാറ്റം ആരംഭിച്ചതും. അതേസമയം ഇസ്രയേൽ സൈന്യത്തിന്റെ അധീനതയിലുള്ള മേഖലയിലേക്ക് എത്തിയ സംശയാസ്പദമായ വാഹനത്തിനു നേരെ വെടിയുതിർത്തതായാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിലെ നിബന്ധനകൾ അനുസരിച്ച് ഗാസ മുനമ്പിന്റെ പകുതിയിലധികം മേഖലയിലും ഇസ്രയേൽ സൈനികർ തുടരുന്നുണ്ട്.