പാഴ്സൽ നൽകിയില്ല; പോത്തൻക്കോട്ടെ പായസക്കട തകർത്തുവെന്ന് പരാതി
Saturday, October 18, 2025 8:07 PM IST
തിരുവനന്തപുരം: പോത്തൻകോട് പാഴ്സൽ നൽകാത്തതിന് പായസക്കട തകർത്തതായി പരാതി. കാര്യവട്ടം സ്വദേശി റസീനയുടെ പോത്തൻകോട് റോഡരികിലുള്ള പായസക്കടയാണ് കാറിടിച്ച് തകർത്തത്.
പോത്തൻകോട് ഫാർമേഴ്സ് ബാങ്കിന് സമീപം റോഡ് സൈഡില്‍ പായസ കച്ചവടം നടത്തിവന്ന കിയോസ്കിലാണ് കാറ് ഇടിച്ചു കയറ്റിയത്. പായസക്കട തകർത്തതിന് ശേഷം കാർ നിർത്താതെ പോയെന്നും പരാതിയിലുണ്ട്.
പാഴ്സൽ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് പറഞ്ഞതിനാണ് അമിത വേഗതയിൽ വാഹനം പിറകിലോട്ട് എടുത്ത് കിയോസ്ക് ഇടിച്ചുതെറിപ്പിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
വെള്ള സ്കോർപ്പിയോയിൽ എത്തിയ രണ്ടുപേരാണ് പായസം പാഴ്സൽ ആവശ്യപ്പെട്ടത്. എന്നാൽ പാഴ്സൽ തീർന്നുപോയി എന്ന് പറഞ്ഞതോടെ കാറ് പിന്നോട്ടെടുത്ത് പായസക്കട ഇടിച്ച് തകർക്കുകയായിരുന്നു. സംഭവ സമയം റസീനയുടെ മകൻ യാസീൻ കടയിലുണ്ടായിരുന്നെങ്കിലും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
കട തകർത്തതിന് ശേഷം വാഹനം നിറുത്താതെ ഓടിച്ച് പോയി. പിന്നാലെ റസീന പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വാഹന നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണവും ആരംഭിച്ചു. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റ ഉടമസ്ഥതയിലുള്ളതാണ് വാഹനം.